അവന്റെ ലോകം
ജോലി തിരക്ക് അല്പം ഒന്നു കുറഞ്ഞപ്പോൾ വെറുതെ സമയം കൊല്ലാനായി കയറിയതായിരുന്നു FB യിൽ.
പൂർണമായും ഇതിനു അടിമ ആകും എന്ന് തോന്നിയപ്പോൾ ആയിരുന്നു മൊബൈലിൽ നിന്നും FB യെ പൂർണമായും ഒഴിവാക്കിയത് , ഇപ്പോൾ ഇങ്ങനെ വല്ലപ്പോഴും ഓഫീസിലെ സിസ്റ്റത്തിൽ നിന്ന് മാത്രം . അത് കൊണ്ട് തന്നെ വൈകീട് വീട്ടിൽ എത്തിയാൽ മോളുടെ കൂടെ ചിലവിടാൻ അല്പം സമയം കൂടുതൽ കിട്ടുന്നു..
തിരഞ്ഞെടുപ്പും റാഫേലും കണ്ണൂർ രാഷ്ട്രീയവും തിങ്ങി നിറഞ്ഞ എന്റെ വാളിലൂടെ സ്ക്രോൾ ചെയ്തു കൊണ്ടിരിക്കുമ്പോഴതാ മെസ്സേജ് ബോക്സിൽ ഒരു 'ഹായ് , ഹൌ ആർ യൂ '. നോക്കിയപ്പോൾ ജിത്തു,
ഇവന് ഇതെന്തു പറ്റി, പതിവില്ലാത്ത ഒരു ഔപചാരികത . ചാറ്റിങ് ഓഫ് ആക്കിയിട്ടും ഇവനിതെങ്ങനെ മനസ്സിലായി ഞാൻ ഓൺലൈൻ ഉണ്ടെന്നു ? എന്നിങ്ങനെ ചിന്തിച്ച് 'എന്താടെയ് ' എന്ന് ഞാനും മറുവടി കൊടുത്തു..
ഒരു അത്യാവശ്യം ഉണ്ടെന്നും, എപ്പോഴാ ഒന്ന് കാണാൻ ഫ്രീ ആവുക എന്ന് ചോദിച്ചപ്പോളേക്കും അതാ വിളിക്കുന്നു അക്കൗണ്ട്സിലെ രവി, എടുക്കാതിരുന്നാൽ പുള്ളി ക്യാബിനിലേക് വരും പിന്നെ പണി ഇരട്ടി ആകും.
രവിയുടെ ഫോൺ എടുത്ത് മറുപടി കൊടുത്തപ്പോഴേക്കും ജിത്തു വിനെ മറന്നു. ഏകദേശം ഒരു മണിക്കൂറിനു ശേഷം വേറെ എന്തോ ഓർത്തപ്പൊഴാ അവന്റെ മെസ്സേജിനെ കുറിച്ച് വീണ്ടും ഓർമ്മ വന്നത് . ഉടനെ അവന്റെ മൊബൈലിലെക് വിളിച്ചു, വെള്ളിയാഴ്ച കാണാം എന്ന് പറഞ്ഞു.
കൂടുതലൊന്നും അവൻ സംസാരിക്കാൻ തയ്യാറായില്ല. പൊതുവെ എന്നോട് വാ അടക്കാതെ സംസാരിക്കുന്നവനാ, ഇന്നിത് എന്ത് പറ്റി. ഞാൻ കൂടുതലൊന്നും ചോദിക്കാനും പോയില്ല, ഒരു കാലത്ത് എന്തും ഏതും എപ്പോളും പറയുന്നവനാ, ഒരിക്കൽ രാത്രി 12 മണിക്ക് വിളിച്ചു ഒരു മലയാളം ആൽബത്തിലെ പാട്ട് (ആർദ്രമീ ധനു മാസ രാവിലെൻ കണ്മണി .......) കേൾപ്പിച്ച് ആരാണിത് പാടിയത് , എഴുതിയത് എന്ന് ചോദിച്ച് , ദെയ്‌റയിൽ ഉള്ള ഒരു ഇന്റർനെറ്റ് കഫേ യിൽ കയറി സെർച്ച് ചെയ്യിച്ചിട്ടുണ്ട് ഇവൻ പതിമൂന്നു കൊല്ലങ്ങൾക്ക് മുൻപ്. അങ്ങനുള്ളവനാ....
പൊതുവെ ഉള്ള കാര്യം ആണ് , എന്തെങ്കിലും ആലോചിച്ചു കൊണ്ടിരുന്നാൽ അതുമായി ബന്ധപ്പെട്ട വേറെ എന്തെങ്കിലും മനസ്സിൽ കേറി അങ്ങ് ഉടക്കും . ഇവിടെയും ഞാൻ അവനെ കുറിച്ച് ആലോചിക്കാൻ തുടങ്ങി. എവിടെ ആയിരുന്നു അല്ലെങ്കിൽ എപ്പോഴായിരുന്നു അവന്റെ സംസാരം കുറഞ്ഞു തുടങ്ങിയത് . പ്രവാസ ജീവിതത്തിനു കുറച്ച് കാലത്തെ അവധി കൊടുത്ത് നാട്ടിൽ സെറ്റിൽ ചെയ്തപ്പോളോ അതോ നാട്ടിൽ നിന്നാൽ ഒന്നും നടക്കില്ല എന്ന് പറഞ്ഞു കല്യാണം കഴിഞ്ഞു കഷ്ടിച്ചു ഒരു മാസത്തിനകം തിരികെ ഇവിടെ എത്തിയ ശേഷമോ . തിരിച്ച് ഇവിടെത്തി ആദ്യത്തെ ഒരു മാസം ഞങ്ങൾ പല തവണ കണ്ടപ്പോഴും എനിക്ക് തോന്നിയിരുന്നു അവനു എന്തോ പറ്റിയിട്ടുണ്ടെന്ന്. പിന്നെ പുതുമോടി ഉപേക്ഷിച്ചു പെട്ടെന്ന് തന്നെ തിരിച്ചു വന്നതിനാലാവും എന്ന് ഞാൻ ഊഹിച്ചു. എന്റെ ഊഹം ശരി വെച്ചപോലെ ഒരു മാസത്തിനകം അവൻ ഭാര്യയെ ഇവിടെ കൊണ്ട് വന്നു. അവനെ സംബന്ധിടത്തോളം ഇതൊക്കെ വളരെ നിസ്സാരം ആയിരുന്നു . നല്ല ജോലി , നല്ല കമ്പനി , നല്ല ശമ്പളം പിന്നെ അവനാണെങ്കിൽ അവന്റെ ജോലിയിൽ അഗ്രഗണ്യനും. ഒരാളുടെ ജീവിതത്തിൽ വേണ്ടുന്ന എല്ലാ നന്മയും അവനുണ്ട് .
ശരിയാണ് ഫാമിലി ഇവിടെത്തിയതിൽ പിന്നെ ആണ് അവന്റെ സംസാരം കുറഞ്ഞു തുടങ്ങിയത്. തീരെ വിളിക്കാറായി , അങ്ങോട്ട് വിളിച്ചാൽ പോലും അധികമൊന്നും സംസാരിക്കാതെ പെട്ടെന്ന് നിർത്തും. അതിനിടെ ഒരിക്കൽ അവൻ വിളിച്ചു പറഞ്ഞു ഭാര്യ പ്രസവത്തിനായി നാട്ടിൽ പോകുകയാണെന്നു. അതിനു ശേഷം ഈ 8 വർഷങ്ങൾക്കിടയിൽ നമ്മൾ സംസാരിച്ചത് വെറും അഞ്ചോ ആറോ തവണ . CFO യുടെ വിളി വീണ്ടും ഓഫീസ് കാര്യങ്ങളിലേക് മനസ്സിനെ കൊണ്ട് വന്നു. എന്തായാലും നാളെ വെള്ളിയാഴ്ച അവനെ കാണണം.
പറഞ്ഞ സമയത്തേക്കാളും അല്പം വൈകി ആയിരുന്നു ജിത്തുവിനെ കാണാൻ കറാമ പാർക്കിൽ എത്തിയത്. ഭാര്യയെയും മോളെയും ലുലു വിൽ വിട്ടു വരുമ്പോഴേക്കും അവൻ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു . ഒരു പാട് സമയം സംസാരിച്ചിരുന്നു, പക്ഷെ കാര്യമായൊന്നും പറഞ്ഞില്ല , പണ്ട് നാട്ടിൽ കൂടെ ജോലി ചെയ്ത പലരെ കുറിച്ചും ചോദിച്ചു , ആരോടുമായും അവനു ഇപ്പോൾ ബന്ധമൊന്നും ഇല്ല പോലും . മെല്ലെ മെല്ലെ അവൻ പ്രശ്നങ്ങൾ എല്ലാം പറഞ്ഞു തുടങ്ങി, ഫാമിലി ലൈഫിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല പക്ഷെ അവൻ പ്രതീക്ഷിച്ചിരുന്ന ഒരു ജീവിതം അല്ലായിരുന്നു അത് എന്നവൻ തുറന്നു പറഞ്ഞു . അവന്റെ വാക്കുകൾ അങ്ങനെ തന്നെ ഞാൻ ഇവിടെ പകർത്തുന്നു
"മോളെ നല്ലവണ്ണം നോക്കുന്നതും , കൃത്യ സമയത്ത് ഇഷ്ടപെട്ട ഭക്ഷണം തയാറാക്കി തരുന്നതും മാത്രമല്ല ഞാൻ ഇഷ്ടപ്പെട്ടിരുന്ന സ്വപ്നം കണ്ടിരുന്ന ജീവിതം. എന്റെ മുഖം ഒന്ന് മാറുമ്പോൾ എന്റെ ശബ്ദം ഒന്ന് ഇടറുമ്പോൾ എന്നെ മനസ്സിലാകുന്ന എന്റെ ആഗ്രഹങ്ങൾക്ക് അതിരുകളില്ലാത്ത പ്രോത്സാഹനം തരുന്ന ഒരാൾ , എന്നും എപ്പോളും ഒരു താങ്ങായി എന്നെ അലട്ടുന്ന മറ്റു പ്രശ്നങ്ങളിൽ ഒരു ആശ്വാസ വാക്കുമായി വരുന്ന ഒരാൾ ... അങ്ങനെ ഒരാളെ ആയായിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത്. ഇവിടെ ഞാൻ ഇപ്പോൾ ഒറ്റപ്പെടലിന്റെ അങ്ങേ അറ്റത്ത് നിൽക്കുകയാണ്, എന്താണ് ചെയ്യുക എന്നറിയാതെ. ഒരു ഭാഗത്തു സ്വന്തം മോളും , ഭാര്യയും . മറു ഭാഗത്തു ഒരിക്കലും ഇനി പൂവണിയില്ല എന്നറിയാവുന്ന ഇഷ്ടങ്ങളും ആഗ്രഹങ്ങളും. കുറെ കൊല്ലങ്ങൾ ആയി ഞാൻ ഇതിനിടയിൽ വിങ്ങി ജീവിക്കുന്നു. ഞാൻ എന്താ ചെയ്യേണ്ടത് ? ഞാൻ ഇതിൽ നിന്നൊക്കെ ഒരു വിടുതൽ പ്രതീക്ഷിക്കുന്നു ! നീ ഒരു വഴി പറഞ്ഞു തരൂ ? എന്നും നീ അല്ലെ എല്ലാത്തിനും പരിഹാരം പറഞ്ഞു തരാറുള്ളത്."
ഇതൊക്കെ പറയുമ്പോളും അവൻ ദൂരെ എവിടെയോ കണ്ണും നട്ട് ഇരിക്കയായിരുന്നു. കണ്ണിൽ നിന്ന് വെള്ളം ഒരു ചാല് കണക്കെ ഒലിച്ചിറങ്ങി കൊണ്ടിരുന്നു . ഞാൻ ഒന്നും പറയാതെ കുറച്ചു സമയം അവിടെ തന്നെ ഇരുന്നു. ഞാൻ ആലോചിക്കുമ്പോൾ അവൻ പറഞ്ഞതൊക്കെ ശരിയാ , എന്തൊക്കെ പ്രതീക്ഷകൾ ആണ് ഓരോരുത്തർക്കും ഉള്ളത് , നമ്മളും അങ്ങനെ തന്നെ അല്ലെ , പക്ഷെ ജീവിതമാകുന്ന ഒഴുക്കിൽ പൊങ്ങി കിടന്നു അങ്ങനെ പോകുന്നു .....
ഞങ്ങൾ അവിടെ കുറച്ച് സമയം കൂടി ഇരുന്നു, ഏറെ നേരം ഒന്നും പറയാതെ ... ജിത്തുവിന്റെ കണ്ണുകളിൽ തളർച്ചയും നിരാശയും തിങ്ങിനിറഞ്ഞു.
"ഈ ജീവിതത്തിൽ എല്ലാം നമ്മൾ ആഗ്രഹിച്ചപോലെയാവണമെന്നില്ല ജിത്തു," ഞാനവനോട് പറഞ്ഞു. "പക്ഷെ, ആ ആഗ്രഹങ്ങൾക്കിടയിൽ നമ്മളെ നഷ്ടപ്പെടാൻ വിടരുത്. നിനക്ക് ഇഷ്ടമായിരുന്ന ജീവിതം ഇതല്ലെന്ന് നീ പറഞ്ഞപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്—നമ്മുടെ ജീവിതം എങ്ങനെ വേണമെന്നത് നമ്മൾ തന്നെ നിർവചിക്കണം. അതിന് തിരുത്തലുകൾ ചെയ്യേണ്ടി വരും, വഴികൾ മാറ്റേണ്ടി വരും, പക്ഷെ അതിനെ നമുക്കു നേരിടാം."
അവൻ മന്ദഹസിച്ചു. "പക്ഷേ എങ്ങനെ?"
"ആ വിയർപ്പും വിങ്ങലും ഒന്നു മാറ്റി വച്ച്, പ്രിയപ്പെട്ടവരോട് തുറന്ന് സംസാരിക്കാൻ തുടങ്ങൂ. ആരെങ്കിലും നമ്മളെ മുഴുവൻ മനസ്സിലാക്കണമെങ്കിൽ, നാം ആദ്യം അവരോട് തുറന്നു പറയേണ്ടതില്ലേ?"
അവൻ ആകാശം നോക്കി ഒരു ദീർഘനിശ്വാസം വിട്ടു. അവന്റെ കണ്ണുകളിൽ ഇപ്പോഴും സംശയമുണ്ടായിരുന്നു, പക്ഷേ, ഒരിയ്ക്കൽപോലും ഇല്ലായിരുന്ന ഒരു ചിന്തയുടെ സ്പർശവും......
അപ്പോഴേക്കും ലുലുവിൽ പോയിരുന്ന ഭാര്യയുടെ വിളി വന്നു. ഞങ്ങൾ അവിടെ നിന്ന് എഴുന്നേറ്റ് നടന്നു. ജീവിതം ആനന്ദിക്കാനുള്ളതുമാണ്, ഏറ്റെടുക്കാനുള്ളതുമാണ്. ചിലപ്പോൾ, ഒറ്റപ്പെടലിന്റെ വലയം തകർക്കാൻ നമ്മൾ തന്നെ ആദ്യം ഒരു കൈ നീട്ടേണ്ടി വരും.
----------------------------------------------------------------------------------------------------------
ഇത് മൂന്നു വര്ഷങ്ങള്ക്ക് മുൻപ് എഴുതി പൂർത്തിയാക്കാൻ വാക്കുകളില്ലാതെ നിർത്തി വെക്കേണ്ടി വന്ന ഒരു യഥാർത്ഥ കഥ... ഇന്ന് ഇതിവിടെ പോസ്റ്റ് ചെയ്യുന്നത് ജിത്തുവിനോട് കൂടി ചോദിച്ചിട്ടാണ്...അവൻ ഇപ്പോൾ പഴയ ജിത്തു ആയി വരുന്നു .. അവനു കിട്ടിയ ജീവിതത്തെ അവൻ സ്നേഹിക്കാൻ തുടങ്ങി... അവന്റെ വാമഭാഗവും അങ്ങനെ തന്നെ .... എല്ലാ നന്മകളും അവനുണ്ടാകട്ടെ എന്നു ആശംസിച്ചു കൊണ്ട് .....

Comments